bookssland.com » Literary Collections » അക്ഷരം മാസിക- August 2017 - Aksharam Magazine Admin (free ebooks romance novels .txt) 📗

Book online «അക്ഷരം മാസിക- August 2017 - Aksharam Magazine Admin (free ebooks romance novels .txt) 📗». Author Aksharam Magazine Admin



1 2 3 4
Go to page:
ആമുഖം

അക്ഷരം Digital മാസിക August 2017----അക്ഷരസാഗരം-/കാവ്യ വഴിത്താര /ഭക്തിസാഗരം/JOB MAGAZINE/FOOD MAGAZINE എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റലായി 
പ്രസിദ്ധീകരിച്ചിരിക്കുന്നു. എഴുത്തിനെ സ്നേഹിക്കുന്ന പ്രിയകൂട്ടാളികൾക്കായ്‌ ഒരു കൊച്ചു FB കൂട്ടായ്മ... അക്ഷരം മാസിക.


എഴുതാൻ ഒരു ഇടം ഇല്ലാത്തതിന്റെ പേരിൽ ആരും അറിയാതെ പോകുന്ന ഒരുപാടു തൂലികകൾ... മനസ്സിനുളളിൽ വിരിയുന്ന ആ ചിന്തകൾക്കും തോന്നലുകൾക്കും ഒരു കൊച്ചു വേദി... അക്ഷരം മാസിക.....


ഇവിടെ നമ്മൾ കോറിയിടുന്ന ഓരോ വരികളും നാളെ നമ്മളെ നോക്കി പുഞ്ചിരിക്കുന്നത്‌ നമ്മുക്കു കാണാം .അതിൽ വലിയൊരു ആശയമോ പാഠമോ ഇല്ലെങ്കിൽ കൂടെ ആ മഷിപ്പാടുകൾ നമ്മുടെ മനസ്സിന്‌ ഒരുപാട്‌ മധുരം സമ്മാനിക്കും.....

 

എഴുതാൻ കഴിയാത്തവരായി ഈ ഭൂമിയിൽ ആരുമില്ല മറ്റുളളവരുടെ വരികൾക്ക്‌ ഉടമകളാവാതെ സ്വന്തമായി എഴുതാൻ ശ്രമിക്കുക. ഇഷ്ടപെട്ട നമ്മുടെ വരികൾ കൂട്ടുകാർക്കു പങ്കുവെക്കുക....ഡിജിറ്റലായ മാസിക ജ൪മ്മ൯ പ്രസാധകരുടെ സഹകരണത്തോടെ 
പ്രസിദ്ധീകരിച്ചിരിക്കുന്നു.പുസതകം പോലെ പേജ് മറിച്ച് വായിക്കാം. 

 

(Writers FB page link added with their writing.)


  എല്ലാവർക്കും നന്മകൾ നേർന്നു കൊണ്ട്‌ 

 

പത്രാധിപര്‍....അക്ഷരം മാസിക

 

Magazine controlled by the following FB Groups.

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram

https://www.facebook.com/groups/1534815413490719/

ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര

https://www.facebook.com/groups/674676489243524/

ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram

https://www.facebook.com/groups/312075739139154/

ഫേസ്ബുക്ക് ഗ്രൂപ്പ്:-FOOD MAGAZINE

https://www.facebook.com/groups/207763306101666/

ഫേസ്ബുക്ക് ഗ്രൂപ്പ്:-JOB MAGAZINE

https://www.facebook.com/groups/214976748664278/

 വെബ് സെറ്റ്:-http://wordemagazine.wordpress.com/blog

                      https://poetryemagazine.wordpress.com/

  e-page:-WORDS   https://www.facebook.com/wordemagazine

 

 

    Chief Editor: Raj Mohan, M.Com,BLIS,PGDCA,DTTM (Accounts Officer-Gulf)

Chief Editor e Page:- https://www.facebook.com/Rajmohanepage/

Chief Editor Website:- https://prrajmohan.wordpress.com/blog/

Digital Production:- അക്ഷരം മാസിക

https://www.facebook.com/aksharamdigitalmagazine/

Media Publicity :-WORDS

www.facebook.com/wordemagazine

 Prepared By: Admin Group-Aksharam Magazine

Sub Editors:-Deepasoman Devikrupa,Biju Mohan,Aluvila Prasad Kumar

 

 

 

 

Chief Advisor: Joy Abraham (Vssc മു൯ ശാസ്ത്രജ്ഞ൯ ) 

 Editorial Board: - സിറിൾ കുണ്ടൂർ,Krishnakumar Payyanur,Vinod Pillai Attingal

 

മഴമേഘങ്ങളേ.....ശാന്തിയേകൂ -(കവിത)

അകലെ ആകാശവീഥിയിലുടെ

ആ൪ത്തിരമ്പി കടന്നു വരുന്നു നീ....
അനന്തവിഹായസ്സിന്റെ 
താഴ്‌വരയിലൂടെ മഴയുടെ നനുത്ത
സന്ദേശവുമായി നീ കടന്നുപോകുന്നു...

മഴ മേഘങ്ങളുണ്ട് ....ആകാശത്ത്
ചില വെളുത്തവ....ചെറുമഴക്കായ്
ചില കറുത്തമേഘങ്ങളും പെരുമഴക്കായ്..

ചിലപ്പോളൊക്കെ മനസിലും കാ൪മേഘം
ഉരുണ്ട് കൂടുന്നു.... ചില സന്ദേശവുമായി
അവ.... കടന്നുവരാറുണ്ട്...സംശയവുമായ്
അങ്ങനെ ചിലമേഘങ്ങൾ തക൪ക്കുന്നു
അനവധി.... ജീവിതങ്ങളെ.....

മഴപെയ്ത് ആകാശത്തിന്റെ
ഇരുണ്ട കാ൪മേഘ താഴ്‌വര
തെളിഞ്ഞപോലെ....
തുറന്ന് പറഞ്ഞ് മനസ്സ് തെളിക്കുക...

ഇന്നും ഇരുണ്ട മേഘങ്ങളുടെ സംശയ
തടവറയിൽ ബന്ധനത്തിലായ
പല മനുഷ്യ മനസ്സും ആത്മശാന്തിയിലാത്ത
നിത്യബന്ധത്തിൽ ആശങ്കയും.....
നാളെയുടെ ആകുലതകളുമായ്... 
കാലം കഴിക്കുന്നു....

ഒാ൪ക്കുക... 
ഇന്നിനപ്പുറം..... ശാശ്വതമില്ലൊന്നും
നാളെയെന്നത്.... ഒരു മിഥ്യ.... 
പെയ്തു തീ൪ക്കുക....സങ്കടങ്ങളൊക്കെയും
മഴയായ്.... തുറന്ന്... പറച്ചിലായ്.... 
സാന്ത്വനക്കടലായ്.... അരുകിലണയും... 
നിങ്ങളുടെ പ്രിയരാം... സ്നേഹക്കടലുകളെന്നും
(രാജ്മോഹ൯- www.fb.com/Rajmohanepage)

ജീവന്‍- കവിത

Kavitha Menon 

പ്രണയം-കവിത

ഞാന്‍ നിന്‍ മിഴികളില്‍ 
വായിച്ചെടുത്തതാണ് 
എന്നോടുള്ള നിന്‍റെ
അടങ്ങാത്ത പ്രണയം

നിന്‍ മന്ദഹാസത്തിന്‍ 
ഞാന്‍ കണ്ടതും 
അതുതന്നെയാണ്

മോഹങ്ങളുമായ് 
ഞാനിന്നും
ഉണര്‍ന്നിരിക്കുന്നതും 
നിര്‍മ്മലമാം നിന്‍ 
പ്രണയപ്രതീക്ഷയിലാണ്

എന്‍റെ ചിന്തകളും 
ഞാന്‍ എഴുതുന്ന വരികളും 
നിന്നോടുള്ള പ്രണയരസങ്ങളാണ്

ഓര്‍മ്മത്താളില്‍ മനസ് 
സൂക്ഷിച്ചു വെച്ചതും 
നിന്നോടുള്ള പ്രണയം 
അതൊന്നു മാത്രമാണ്

ഞാന്‍ പഠിച്ചതും 
നീ പഠിപ്പിച്ചതും 
ആ പ്രണയംതന്നെയാണ്

എന്നില്‍ നീ തീര്‍ത്ത 
പ്രണയസൌദം ഇന്നെന്‍റെ 
ജീവന്‍ തുടിപ്പുകളാണ്

പ്രാണന്‍ പിടയുമ്പോഴും
നിന്‍ പ്രണയക്കണ്ണുനീര്‍
എന്‍ ഹൃദയത്തോടുചേര്‍ന്ന്
നീ ഒഴുക്കണം

എന്‍റെ മരണവും നിന്‍റെ
പ്രണയത്തിലളിയണം!!!  .Kkjaleelk Kkj

മരുഭൂമി- കഥ

ഞാനും അമ്മയും മാത്രമുള്ള എന്റെ കുഞ്ഞു ലോകത്തേക്ക് ഇടയ്ക്ക് അതിഥിയെപ്പോലെ കടന്നു വരാറുള്ള അച്ഛനോട് എന്തോ എനിക്ക് ഒരു അകൽച്ചയായിരുന്നു. പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളുമെല്ലാം ആഹ്ലാദം പകരുമ്പോഴും അച്ഛൻ ലീവിന് വരുമ്പോഴെല്ലാം അടുത്ത മുറിയിൽ ഒറ്റയ്ക്കുറങ്ങാൻ വിധിക്കപ്പെട്ടിരുന്നത് അച്ഛനോടുള്ള എന്റെ സ്നേഹക്കുറവിനു് വീണ്ടും ഒരു കാരണമായി.ഞാൻ വളരുന്നതോടൊപ്പം അച്ഛനോടുള്ള അകാരണമായ അകൽച്ചയും വളരുകയായിരുന്നു.

എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിലേക്ക് പോയത്.. രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിൽ വരുന്ന അച്ഛനോട് എനിക്ക് വലിയ അടുപ്പം തോന്നാറില്ലായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം..

പഠനം കഴിഞ്ഞ ഉടനെ അച്ഛൻ എനിക്കൊരു വിസ ശരിയാക്കി. ദുബായിലെ ഒരു കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി.നാടും വീടും അമ്മയെയും പിരിയുക എന്നത് ഹൃദയ ഭേദകമായിരുന്നെങ്കിലും അച്ഛന്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു.

ദുബായ് എയർപോർട്ടിൽ അച്ഛൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു..... എന്നെ കണ്ടയുടനെ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

അച്ഛൻ...കൂട്ടുകാരൻ സെയ്‌ദ്ക്കായെ പരിചയപ്പെടുത്തി, നാട്ടിലെ വിശേഷങ്ങൾ ചോദിച്ചു. ഞാൻ എല്ലാത്തിനും ഹ്രസ്വമായ മറുപടികൾ മാത്രം നൽകി.

ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്തേക്ക് എന്നെ കൊണ്ട് വിട്ടിട്ട് അവർ തിരിച്ചുപോയി.

"സെയ്ദ്ക്കാ താമസിക്കുന്നത് ഇവിടെ അടുത്താണ്. എന്താവശ്യമുണ്ടെങ്കിലും ഇക്കാനെ വിളിച്ച് പറഞ്ഞാൽ മതി" എന്നും പറഞ്ഞ് അച്ഛൻ ഇക്കയുടെ നമ്പർ തന്നിരുന്നു.

ഏ സി മുറിയിൽ ഇരുന്നുള്ള ജോലി, സൗകര്യങ്ങളുള്ള താമസം എല്ലാമുണ്ടായിട്ടും നാട് വിട്ടതിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടാൻ തുടങ്ങി.

ഒരു രാത്രിപോലും അമ്മയെ പിരിഞ്ഞിരുന്നിട്ടില്ലാത്ത എന്നോട് അച്ഛൻ ചെയ്തത് വല്ലാത്ത ക്രൂരതയായി പോയി.

സുഖപ്രദമായജീവിതത്തിൽ മതിമറന്നിട്ടാവണം അച്ഛൻ രണ്ടോ മൂന്നോ വർഷത്തിൽ ഒരിക്കൽ മാത്രം ഞങ്ങളെ കാണാൻ നാട്ടിൽ വരാറുണ്ടായിരുന്നത്.ഇവിടെ കൊണ്ടു വിട്ടു പോയിട്ട് ഒരാഴ്ചയായി ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല'. ചിന്തകളിൽ അച്ഛനോടുള്ള അമർഷം കൂടിക്കൂടി വന്നു.

അമ്മയെ കാണാതെ എനിക്കിനി ജീവിക്കാൻ വയ്യ. സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ സെയ്ദ് ക്കായെ വിളിച്ചു.

" ഇക്കാ എനിക്കിനി ഒരു ദിവസം പോലും ഇവിടെ നിക്കാൻ വയ്യ എത്രയും പെട്ടെന്ന് നാട്ടിൽ പോയേ പറ്റൂ.. ഇക്ക അച്ഛനോട് എനിക്കുവേണ്ടി സംസാരിക്കണം"

"മോൻ എന്താ ഈ പറയുന്നത്.മോന്റെ അച്ഛൻ എത്ര കഷ്ടപ്പെട്ടിട്ടാണെന്നറിയാമോ ഇത്രയും നല്ല ഒരു ജോലി തരപ്പെടുത്തിയത്.മോൻ ക്ഷമിക്കൂ.. ആദ്യമൊക്കെ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാവർക്കും ഉണ്ടാകും . എല്ലാം ശരിയാകും.."സെയ്ദ്ക്കായുടെ സമാധാന ശ്രമം പാഴായി.

" ഇല്ല ഇക്കാ എനിക്ക് പോയേ പറ്റൂ..ഇക്ക എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചില്ലെങ്കിൽ ഞാൻ അച്ഛനോട് പറയാതെ ജോലി രാജി വെയ്ക്കും തീർച്ച"

" ശരി...മോൻ രണ്ടുദിവസം കൂടി സമാധാനിക്കൂ. വെള്ളിയാഴ്ച നമുക്ക് അച്ഛന്റെ അടുത്ത് പോയി സംസാരിക്കാം".

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു. രണ്ടുമണിക്കൂറോളം സഞ്ചരിച്‍ പട്ടണത്തിൽ നിന്നും ഒരുപാട് അകലെയായി ഒരു ലേബർ ക്യാമ്പിന്റെ മുന്നിൽ വണ്ടി നിർത്തി.

ലേബർ ക്യാമ്പിലെ നിരയായി പണിത മുറികളിൽ ഒന്നിലേക്ക് സെയ്ദ്ക്കാ എന്നെ കൂട്ടിക്കൊണ്ട് പോയി .

നിരത്തിയിട്ടിരിക്കുന്ന കട്ടിലുകൾക്കിടയിൽ ഒരാൾക്ക് കഷ്ടിച്ച് മാത്രം നടക്കാനുള്ള ഇടമുണ്ട്.കട്ടിലുകൾക്ക് മുകളിലെ അഴകളിൽ മുഷിഞ്ഞതും അല്ലാത്തതുമായ തുണികൾ തൂക്കിയിട്ടിരിക്കുന്നു.

" അത് അച്ഛന്റെ കട്ടിലാണ്. മോൻ അവിടെ ഇരുന്നോളൂ" മൂലയിലുള്ള കട്ടിൽ ചൂണ്ടിക്കാട്ടിക്കൊണ്ട് സെയ്ദ്ക്കാ പറഞ്ഞു.

മൂന്നടി വീതിയുള്ള ഒരു കട്ടിൽ, തലഭാഗത്ത് അല്പം മുകളിലായി ഭിത്തിയിൽ ഒരു ചെറിയ കബോർഡ് ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ മേൽ ഞാനും അമ്മയും കൂടിയുള്ള ഒരു ഫ്രെയിം ചെയ്ത ഫോട്ടോ, പിന്നെ കുറച്ചു മരുന്നുകളുടെ കവറുകളും....

കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി എന്റെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കിക്കാണുകയായിരുന്നു. അമ്പരപ്പ് മാറും മുൻപേ മുറിയുടെ വാതിൽക്കൽ അച്ഛന്റെ ശബ്ദം." നിങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ...? എന്തു പറ്റി മോനേ എന്തെങ്കിലും അത്യാവശ്യം?"

ഞാൻ അച്ഛനെ നോക്കി. തലയിൽ ഒരു തൂവാല കെട്ടിയിരിക്കുന്നു.മുഷിഞ്ഞ ഒരുവേഷം.മരുഭൂമിയിലെ പൊടിമണലിൽ മുങ്ങി നിൽക്കുന്ന ഒരു രൂപം.കൺപീലികളിൽ പോലും വെളുത്ത മണൽ തങ്ങി നിൽക്കുന്നത് കാണാം.

വെളുത്ത മുണ്ടും ഷർട്ടുമിട്ട് പെർഫ്യൂം പൂശി ചുണ്ടിൽ വില കൂടിയ സിഗരറ്റുമായി നിൽക്കുന്ന അച്ചനെ മാത്രം കണ്ടിട്ടുള്ള എനിക്ക് ഈ കാഴ്ച്ച താങ്ങാനായില്ല.

ഞാൻ ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു.

"എന്റെ മേല് മുഴുവൻ വിയർപ്പും പൊടിയും ആണെടാ"..എന്നും പറഞ്ഞു അച്ഛൻ എന്നെ ഒന്നുകൂടെ മുറുക്കി കെട്ടിപ്പിടിച്ചു. ഇരുപത്തഞ്ചു വർഷങ്ങളായി കൈമാറാൻ മറന്നുപോയ സ്നേഹം ഒരു പേമാരിയായി പെയ്‌തിറങ്ങി.

അച്ഛന്റെ കൈകൊണ്ട് ഒരു സുലൈമാനിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയപ്പോൾ സെയ്ദ്ക്കാ ചോദിച്ചു "മോനേ ഇനി പറ.. നാട്ടിലേക്കു തിരിച്ചുപോവാനുള്ള ഏർപ്പാടുകൾ ചെയ്യണോ?"

" വേണം ഇക്കാ... പക്ഷേ എനിക്കല്ല... എന്റെ അച്ഛനു വേണ്ടി... കുടുംബത്തിനായ് ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ അച്ഛൻ ഇനി വിശ്രമിക്കട്ടെ....നമ്മുടെ സ്വന്തം നാട്ടിൽ സന്തോഷത്തോടെ..."(Rajmohan)

എന്റെ വരികൾ -കവിത

എൻ വരികൾ
എൻ ഹൃദയത്തിൻ നേർ ഭാഷയാണ്.
വികാരത്തിന്റെ കയ്പ്പും-
കവർപ്പും മധുരവുമതിനുണ്ട്.
ചിന്തയുടെ കാല്പനിക മൂർച്ചയുണ്ട്- 
ചന്തത്തിൽ തെളിയുമുൾകാഴ്ചയുണ്ട്.
നഷ്ടമറിഞ്ഞതിൻ നെടുവീർപ്പതിലുണ്ട്- 
നേടാത്തതിന്റെയോ നൊമ്പരപ്പാടുണ്ട്.
വൃണിത മോഹങ്ങൾ പൊട്ടി-
യൊലിച്ചതിൻ നീറ്റലുണ്ട്-
നേടിയതിന്റെയോ നേരുണ്ട് പതിരുണ്ട്.
പോയകാലത്തിന്റെ വിയർപ്പിന്നുപ്പുണ്ട്- 
മുന്നിലെ ചുവടിന്റെ ചുടുനിശ്വാസമുണ്ട്.
കേട്ടകഥയുടെ കാണാപ്പുറമുണ്ട്- 
കാണാക്കിനാവിന്റെ കൊഞ്ചലുണ്ട്,
ചിരിച്ചിടാ സത്യത്തിനുള്ളുറപ്പുണ്ട്-
മിഴിവാർന്ന നാളെയുടെ മൗനമുണ്ട്.
മറവിക്ക്‌ വേണ്ടാത്ത കണ്ണീർ കനലുണ്ട്-
മറവിയിൽ തള്ളിയ പരിഭവപ്പാടുണ്ട്. 
പൊടിതട്ടി മിനുക്കിയ മനസ്സിൻ നിറമുണ്ട്- 
തിളയ്ക്കുന്ന ചോരയുടെ താളമുണ്ട്.
പൊട്ടിയൊഴുകുന്ന വാക്കിന്റെ-
നീരൊഴുക്കുണ്ടതിൽ-
വിശപ്പിൽ കെടാത്തൊരെൻ-
മോഹാഗ്നിയുണ്ട്....... Aluvila Prasad Kumar

 

നിഴൽ യുദ്ധം -കവിത

 

പിറന്നുവീണൂഴിയിലാ നിമിഷംതൊട്ടിത്ര
നാളുമോരോനരനുമജയ്യമാമശ്വമേധങ്ങളാൽ
പിടിച്ചടക്കി പല മോഹ,സ്വപ്നസാമ്രാജ്യങ്ങ-
ളക്ഷയമാം *കോടീരശക്തിയാലുജ്ജ്വലം.

സമയമില്ലൊട്ടുമേ വെറുതേ കളയുവാനവനിന്നു
സഹജനങ്ങളോടോന്നുരിയാടാൻ പോലും,
തൊട്ടയലത്തു വസിക്കും നിരാലംബനിസ്വന്റെ
രോദനം കാതോർക്കുവാനുമില്ലൊട്ടു നേരം.

വ്യവഹാരങ്ങളായിരം തികയുന്നു കോടതിയി-
ലഭിമാനമോടെയിന്നിടനെഞ്ചുതട്ടിയുച്ചത്തിൽ
മൊഴിയുന്നു പഴയ കാരണവർ, പൊട്ടിപ്പൊളി-
ഞ്ഞൊരാ തറവാട്ടിലഷ്ടിക്കുവകയില്ലയെങ്കിലും.

കാലങ്ങളോളം പടവെട്ടി നേടിയ ഭൗതികനേട്ടങ്ങ-
ളൊക്കെയും ഭദ്രമായ് കാത്തുസൂക്ഷിക്കുമൊപ്പം,
അതിജീവനപന്ഥാവിലേറ്റം മുമ്പനായതിവേഗ-
മാർന്നൊടുവിലെത്തേണ്ടിടത്തെത്തും വരെ.

കുരുക്ഷേത്രഭൂമിയാണിവിടമെന്നേ, മർത്യരിൽ
കുടിയേറി കുടിലമാം കുരുപാണ്ഡവമനസ്സുകൾ 
നേർക്കുനേർ വാഗ്വാദത്തേരു തെളിക്കു-
ന്നന്യോന്യമസ്ത്രങ്ങളെയ്യുന്നു നാൾക്കുനാൾ.

ഒറ്റയ്ക്കു യുദ്ധം ജയിച്ചൊരാ പോരാളിയന്ത്യ-
ത്തിലാ **ശിബിരതലത്തിൽത്തളർന്നുവീഴ്കെ
താങ്ങുവാനുണ്ടായിരുന്നില്ല, രണ്ടുകൈകളും
സാന്ത്വനമേകാനൊരു ചെറുവചസ്സുപോലും.

കിരീടമീച്ചെങ്കോലൊപ്പം ***തനുത്രമാദി,പടയട-
യാളങ്ങളെല്ലാമഴിച്ചുവച്ചാൽ പച്ചമനുഷ്യ-
നാകുമവനെല്ലാം മറന്നൊന്നുറങ്ങുവാനീ-
ക്ഷിതിയിൽ വേണ്ടതിന്നാറടി****മൃത്തുമാത്രം.

എല്ലാം കഴിഞ്ഞൊടുവിലീ വിജയ(പരാജയ?)
തീരത്തിളവേൽക്കെ, വെട്ടിപ്പിടിച്ചതൊക്കെയും
വ്യർത്ഥമെന്നറിയുന്ന പരമാർത്ഥസ്ഫുരണം:
തൻനിഴലിനോടല്ലീ പടവെട്ടിയിത്രനാൾ! മർത്ത്യാ.
------------------------Suresh Kannamathu
*കോടീരം=കിരീടം
**ശിബിരം=പടകുടീരം
***തനുത്രം=പോർച്ചട്ട
****മൃത്ത്=മണ്ണ്

സൗഹൃദം -കവിത

ഹൃദയങ്ങൾ തമ്മിലിണചേർന്ന
ബന്ധത്തിൻ പൊരുളാകുമീ സൗഹൃദം
അതിരുകളില്ലല്പമകലവുമില്ല
അത്രമേൽ ദൃഢമാകുമീ ബന്ധമെന്നും

ദുഃഖം മറന്നിടാൻ തണലേകിനിന്നെന്നും 
തഴുകുന്ന മിത്രങ്ങൾ വേറെയില്ല
നിറമെന്നോ മതമെന്നോ പണമെന്നോ നോക്കാതെഹൃദയങ്ങൾ കോർത്തിടും 
പ്രിയരവർ കൂട്ടുകാർ

തളരുന്ന നേരത്ത് താങ്ങായിടുന്നവർ
തണുവുറ്റ സ്നേഹത്തിനിതൾവിടർത്തുന്നവർ
രക്തബന്ധങ്ങളെ വെല്ലുമീ സൗഹൃദം തിക്തമാകില്ലെന്നറിയുക

ഇന്നിന്റെ സൗഹൃദ കാഴ്ച്ഛകളെല്ലാം
നേരിന്റേതല്ലെന്ന് തിരിച്ചറിഞ്ഞീടുക
നന്മയാം സൗഹൃദമൊരു പുണ്യമായി
നമ്മുടെയുള്ളിൽ നിറഞ്ഞു നിന്നീടട്ടെ.

രശ്മി.എസ്.എസ്.Resmi Pradeep Resmi

1 2 3 4
Go to page:

Free e-book «അക്ഷരം മാസിക- August 2017 - Aksharam Magazine Admin (free ebooks romance novels .txt) 📗» - read online now

Comments (0)

There are no comments yet. You can be the first!
Add a comment